കാലവർഷം നേരത്തേ എത്തിയേക്കാം, മേയ് 14 മുതൽ കേരളത്തിൽ കനത്തമഴ പ്രതീക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യത. ജൂൺ ഒന്നാണ് സാധാരണ തീയതി. ഇത്തവണ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിലുള്ളത്. കാലവർഷം ഈയാഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ എത്താനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20-നാണ് ഇവിടെ എത്താറ്. ഇത്തവണ 15-ാം തീയതിയോടെ എത്തിയേക്കാം.

അന്തമാനിലെത്തിയാൽ സാധാരണ 10 ദിവസമാണ് കേരളത്തിൽ കാലവർഷം തുടങ്ങാൻ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് അവസാനയാഴ്ച കേരളത്തിൽ മഴ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.

14 മുതൽ കേരളത്തിൽ കനത്തമഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മേയ് അവസാനത്തോടെ മഴ സജീവമാകും.

14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 16-ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News