തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം വൈകും. തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാൻ ഇത് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മേയ് 25നും ജൂണ്‍ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം തുടങ്ങിയിട്ടുളളത്. 2017ലും 18 ലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തെറ്റിയില്ല. കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ 2017 ൽ മേയ് 30 നും 218 ൽ മേയ് 29 നും കാലവർഷം എത്തി. എന്നാൽ 2019 ൽ ജൂൺ 6 ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും രണ്ടു ദിവസം വൈകി ജൂൺ 8 നാണ് കേരളത്തിൽ കാലവർഷം എത്തിയത്.
അതേസമയം, കേരളത്തിൽ കാലവർഷം നേരത്തെ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമാറ്റിന്റെ പ്രവചനം. മേയ് 28 ന് കാലവർഷം തുടങ്ങുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമാറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്നു കാലാവസ്ഥ വിദഗ്ധർ സൂചന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.