KeralaNews

കാലവർഷം ഇന്നെത്തിയേക്കും, 11 ജില്ലകളിൽ യെലോ അലർട്ട്; വെള്ളക്കെട്ടില്‍ ഗതികെട്ട് കൊച്ചി

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം ഇന്നെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ ഇന്നലെ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞുവരികയാണ്. തുടർച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം,വി ആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി തുടരുന്നത്.

വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയിൽ വീണ്ടും നിരവധി വീടുകളിൽ വെള്ളം കയറിയത്. അശാസ്ത്രീയമായി നിർമിച്ച കലുങ്കുകളും തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘുമേഘവിസ്ഫോടനമെങ്കിലും ഇന്നലത്തേത്ത് ഈ ഗണത്തിൽപ്പെടുന്നത് അല്ലെന്നാണ് വിലയിരുത്തൽ.

ആലപ്പുഴ ജില്ലയിൽ 7 ക്യാംപുകൾ കൂടി തുറന്നു. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാംപ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ക്യാംപുകളുടെ എണ്ണം 17 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button