കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ നവംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ കേസില്‍ മോന്‍സന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തന്റെ പക്കല്‍ വില്‍പനക്കായി ഉണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സണ്‍ രേഖ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസില്‍ കഴിഞ്ഞ ദിവസം ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സണ്‍ പൊലീസ് ക്ലബ്ബില്‍ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോന്‍സന്‍ ഉപഹാരം നല്‍കിയ ചിത്രവും പുറത്തു വന്നിരുന്നു.
ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് വ്യക്തത തേടി.പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേര്‍ തന്നെ കാണാന്‍ വന്നതായി ഡിജിപി മൊഴി നല്‍കി. അക്കൂട്ടത്തില്‍ മോന്‍സനും ഉണ്ടായിരുന്നു. ഇതല്ലാതെ, മോന്‍സണിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു അനില്‍കാന്തിന്റെ മൊഴി.