സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.

മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസിലുമാണ് ജാമ്യം തള്ളിയത്.

ഈ മാസം 20 വരെയാണ് മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പുരാവസ്തു തട്ടിപ്പ്, ശില്പി സന്തോഷ് നല്‍കിയ പരാതി, ബീനാച്ചി എസ്റ്റേറ്റ് പാട്ടിത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് എന്നിവയുള്‍പ്പെടെ മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പരാതിക്കാര്‍ രംഗത്ത് വന്നു. ഷമീര്‍, അനുപ് മുഹമ്മദ്, ഷാനിമോന്‍, യൂക്കൂബ് എന്നിവരാണ് പരാതി നല്‍കിയത്. വീട്ടിലും താമസ സ്ഥലത്തും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി ഇവര്‍ പറയുന്നു. പോലീസ് സുരക്ഷ വേണെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ചിന് തെളിവുകള്‍ കൈമാറാന്‍ എത്തിയപ്പോള്‍ ചിലര്‍ താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേരുകള്‍ ചാനലില്‍ പറയരുതെന്നായിരുന്നു ഭീഷണി. കുന്ദംകുളം സ്വദേശിയും സുഹൃത്തുക്കളുമാണ് കൊച്ചിയിലെത്തി ഭീഷണിപ്പെടുത്തിയത്.

വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ മാവുങ്കല്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. പരാതിക്കാരനായ രാജേഷ് ശ്രീധറിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ് മോന്‍സന്റെ വാദം. മധ്യപ്രദേശ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 62 ലക്ഷം രൂപ തട്ടിയ കേസിലാണ് മോണ്‍സണെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഭൂമി തട്ടിപ്പ് ബിനാമി അക്കൗണ്ട് വഴി ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നാല് ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴി മോണ്‍സണ്‍ പണം വാങ്ങിയ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.അന്വേഷണം തുടരുന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് ആട്ടിമറിക്കപ്പെട്ടേക്കാം എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News