കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പണം ചിലവഴിച്ചതിനെ പറ്റി നിലവില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളില്‍ അടക്കം മോന്‍സണ്‍ ചില ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോന്‍സന്റെ അടുത്ത സഹായികളുടെ ബാങ്ക് ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോന്‍സണ്‍ എഡിഷന്‍, കലിംഗ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ ഇയാളുടെ പേരിലുണ്ടെങ്കിലും ഇവ വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കമ്പനികളുമായി ബന്ധപ്പെട്ട ഒരു രേഖകളും മോന്‍സന്റെ പക്കലില്ല.
മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കിളിമാനൂര്‍ സ്വദേശി സന്തോഷ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നല്‍കി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോന്‍സണെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.
അതേസമയം പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ മൂന്നു ആഡംബരക്കാറുകള്‍ കൂടി ചേര്‍ത്തലയില്‍ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോണ്‍സന്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണികള്‍ക്കായാണ് ഉത്തരേന്ത്യന്‍ രജിസ്ട്രേഷനിലുള്ള മൂന്ന് കാറുകള്‍ നല്‍കിയിരുന്നത്.
സഹായികള്‍ വഴിയാണ് ഇവിടെ കാറുകള്‍ എത്തിച്ചത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തീസ്ഗഡ് രജിസ്ട്രേഷനിലെ ബിഎംഡബ്ല്യൂ കാറുകളാണിവ. വിവരം വര്‍ക്ക് ഷോപ്പ് അധികൃതര്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ഇവയുടെ നിലവിലെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.