കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച മോന്‍സണ്‍ മാവുങ്കലിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി എറണാകളും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമായത്.
തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മോന്‍സണെ കോടതിയില്‍ ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം മോന്‍സണ്‍ കോടതിയില്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചു. തനിക്കെതിരേ വഞ്ചനാക്കേസ് ചുമത്തിയത് നീതിയല്ലെന്നാണ് ഇയാളുടെ വാദം.
അതിനിടെ മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ രംഗത്തെത്തി. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നു. അവയില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. എഴുപത് ശതമാനത്തോളം സാധനങ്ങളും സന്തോഷ് നല്‍കിയതാണെന്നും അജി വ്യക്തമാക്കി.
നടന്‍ ബാല പറഞ്ഞകാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലയുടെ ഡിവോഴ്സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.