KeralaNews

രണ്ടു നടിമാരുടെ വിവാഹം മോന്‍സന്‍ നടത്തി? പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉന്നതരുടെ പിറന്നാള്‍ പാര്‍ട്ടികള്‍

കൊച്ചി: തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകള്‍. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ലക്ഷക്കണക്കിന് രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി മോന്‍സന്‍ ചെലവാക്കിയത്. വജ്രവ്യാപാരി, വന്‍ സുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോന്‍സനെ ഒപ്പമുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായെല്ലാം ബന്ധം പുലര്‍ത്തുന്നതിനായിരുന്നു ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മോന്‍സന് കേരളത്തില്‍ ഭൂമിയില്‍ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. അതിനിടെ, മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.

അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മോന്‍സനുമായി പൊലീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. കേരള പൊലീസിലെ ഉന്നതരായ ആളുകള്‍ക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

സത്യംപുറത്തു വരാന്‍ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോന്‍സനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ല.കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു, ഇന്റലിജന്‍സ് വിഭാഗം എന്തിനെന്നും സുധീരന്‍ ചോദിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ല.

കെ സുധാകരന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയം രാഷ്ട്രീയ വിവാദമാക്കരുതെന്നും സുധാകരനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധീരന്‍ പ്രതികരിച്ചു.സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇനി താനില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇനിയും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ കോണ്‍ഗ്രസുകാരനായി തുടരുക.

കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുക, മരിക്കുക അതാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button