കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്കു ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ ഇഡി സുധാകരനോട് ആവശ്യപ്പെട്ടിരുന്നു.
വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടു സുധാകനരെ ഓഗസ്റ്റ് 22 നു ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.
സുധാകരനു പുറമെ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരും കേസിൽ പ്രതികളാണ്. സുധാകരൻ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ എന്നിവരെ ഈ കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. മോൻസനുമായി സാമ്പത്തിക ഇടപാടുകൾ ഒന്നു നടത്തിയിട്ടില്ലെന്നും ആരോടും മോൻസനു പണം നൽകാൻ ശുപാർശ ചെയ്തിട്ടില്ലെന്നുമാണു ബിന്ദുലേഖയുടെയും സുരേന്ദ്രന്റെയും മൊഴികൾ.