കണ്ണൂര്‍: റോഡരികിലെ തെങ്ങില്‍ നിന്ന് ഓടുന്ന ബസിന് നേരെ തേങ്ങ പറിച്ചെറിഞ്ഞ് കുരങ്ങന്‍മാര്‍. കണ്ണൂര്‍ കൊട്ടിയൂര്‍ പ്രദേശത്താണ് സംഭവം. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നത്.
മൂന്നു പേര്‍ക്കാണ് ചില്ല് തകര്‍ന്ന് പരിക്കേറ്റത്. വലിയ ശബ്ദത്തില്‍ ബസിന്റെ ചില്ല് പൊട്ടി വീഴുകയായിരുന്നു. പകച്ചുപോയ ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കുരങ്ങന്മാര്‍ തേങ്ങയെറിഞ്ഞതാണെന്ന് മനസിലായത്. കണ്ണൂരില്‍ കൊണ്ടു പോയി പതിനേഴായിരം രൂപ മുടക്കി ചില്ല് മാറ്റിയിട്ട ശേഷമാണ് വീണ്ടും സര്‍വീസ് തുടങ്ങിയത്.
അതേസമയം, സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നുമാണ് ബസുടമ പരാതി ഉന്നയിച്ചപ്പോള്‍ വനംവകുപ്പ് മറുപടിയായി പറഞ്ഞത്.
ഈ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് കുരങ്ങുകളുടെ സ്ഥിരം പരിപാടിയാണെങ്കിലും കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.