ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത മുതിര്‍ന്ന സന്യാസി കോവിഡ് ബാധിച്ച് മരിച്ചു. ഇതിനു പുറമേ എണ്‍പതോളം സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഹരിദ്വാറില്‍ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കുംഭമേള നടത്തുന്നത്.
ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ മഹാ അഖാഡ മുഖ്യമസന്യാനി കപില്‍ ദേവും കോവിഡ് ബാധിച്ച് ഏപ്രില്‍ 13ന് ആശുപത്രിയില്‍ മരിച്ചിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേളയില്‍നിന്ന് പിന്മാറുന്നതായി സന്യാസി വിഭാഗമായ നിരഞ്ജനി അഖാഡ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, തെഹ്രി ഗര്‍വാള്‍, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടര്‍ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 12, ഏപ്രില്‍ 14 തീയതികളില്‍ നടന്ന ‘ഷാഹി സ്നാനില്‍’ പങ്കെടുത്ത 48.51 ലക്ഷം ആളുകളില്‍ ഭൂരിഭാഗം പേരും മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിരുന്നു.