കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം കവര്‍ന്നതായി പരാതി. യൂണിയന്‍ ബാങ്ക് അണക്കര ശാഖയിലെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് അക്കൗണ്ട് ഉടമ അറിയാതെ നാലുതവണയായി 35,000 രൂപാണ് നഷ്ടപ്പെട്ടത്. അക്കൗണ്ട് ഉടമ 12 വര്‍ഷമായി ചെന്നൈയില്‍ ആണെങ്കിലും ഒരു വര്‍ഷം മുമ്പു വരെ ഇടയ്ക്കിടെ നാട്ടിലെത്തുകയും അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു.
കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍ വന്നിരുന്നില്ല. ഈ ഒരു വര്‍ഷത്തിനിടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എടിഎം കാര്‍ഡ് ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത ചക്കുപള്ളം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്ത അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍നിന്നും ഒരു തെലുങ്കാന സ്വദേശിയുടെ ഫോണ്‍ നന്പര്‍ ഉപയോഗിച്ചാണം പണം അപഹരിച്ചത്.
അക്കൗണ്ട് ഉടമ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ ബാങ്കിലെ ആരോ ഫോണ്‍ നമ്പര്‍ ചേര്‍ത്തിയാണ് പണം അപഹരിച്ചതെന്നാണ് അനുമാനം. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന അക്കൗണ്ട് ഉടമ പിന്നീട് ബിഎസ്എന്‍എല്‍ കമ്പനിയുടെ കണക്ഷന്‍ എടുത്തിരുന്നു. എന്നാല്‍ ജിയോ കമ്പനിയുടെ ഫോണ്‍ കണക്ഷനുള്ള വ്യക്തിയിലേക്കാണ് പണം പോയിട്ടുള്ളതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം കാണാതായതിനെ സംബന്ധിച്ച് ബാങ്കിന്റെ ശാഖാ മാനേജരോടു പരാതിപ്പെട്ടപ്പോള്‍ അക്കൗണ്ട് ഉടമയെ അപമാനിച്ചതായും പണത്തിനു ബാങ്കിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞതായും ആക്ഷേപമുണ്ട്. അക്കൗണ്ടില്‍നിന്നും പണം പോയത് അക്കൗണ്ട് ഉടമയുടെ പിഴവാണെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
ഫോണ്‍ നമ്പര്‍ ചേര്‍ക്കാതിരുന്ന അക്കൗണ്ടില്‍ തെലുങ്കാനയിലെ ഒരാളുടെ നമ്പര്‍ ചേര്‍ത്തതാണ് ദുരൂഹമായി അവശേഷിക്കുന്നത്. 12 വര്‍ഷമായി ചെന്നൈയിലായിരുന്ന അക്കൗണ്ട് ഉടമയ്ക്ക് വാര്‍ധക്യ പെന്‍ഷനായും മക്കള്‍ അയച്ചു നല്‍കിയതുമായ തുകയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്കും ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നല്‍കിയിട്ടുണ്ട്.