ഇടുക്കി: പണം നിക്ഷേപിച്ചാല്‍ തുക ഇരട്ടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
പത്തര മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി 20 ലക്ഷം തട്ടിയെന്ന പരാതിയില്‍ 2 വനിതകള്‍ ഉള്‍പ്പടെ 4 പേരാണ് അറസ്റ്റിലായത്. അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയില്‍ സരിത എല്‍ദോസ് ( 29 ), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവില്‍ ശ്യാമള കുമാരി പുഷ്കരന്‍ ( സുജ – 55 ), ജയകുമാര്‍ ( 42 ), വിമല്‍ പുഷ്കരന്‍ ( 29 ) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി, ഇരുന്നൂറേക്കര്‍ മേഖലയില്‍ 5 പേരില്‍ നിന്നാണ് സംഘം 20 ലക്ഷം തട്ടിയത്. ഓണ്‍ ലൈന്‍ ആപ്പ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പത്തര മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നല്‍കി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.
അടിമാലിയില്‍ ഓട്ടോ ഡ്രൈവര്‍ കൂടിയായ സരിതയാണ് തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് അടിമാലി മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കൈമാറിയത്. സംഘത്തിലെ മറ്റ് 3 അംഗങ്ങള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ജയകുമാര്‍ സമാന സ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണെന്നാണ് സൂചന.
ആഡംബര വീട്, കാര്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആര്‍ഭാട ജീവിതമാണ് പ്രതികള്‍ നയിച്ചുവന്നിരുന്നത്. പണം നിക്ഷേച്ചവര്‍ വഞ്ചിതരായതോടെ 2 മാസം മുന്‍പ് അടിമാലി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. എന്നാല്‍ അടുത്ത നാളില്‍ ഇടുക്കി സബ് ഡിവിഷനില്‍ എ എസ് പിയായി നിയമിതനായ രാജ് പ്രസാദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ അബ്ദുല്‍ ഖനി, ടി പി ജൂഡി, ടി എം നൗഷാദ് എ എസ് ഐ അബ്ബാസ് ടി എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.