KeralaNews

വീട് പണിക്കുള്ള പണം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചു, ചവറുകളിൽ പെട്ടു, ഹരിതകര്‍മ സേനാംഗങ്ങൾ തിരികെ നൽകി

കാസർകോട്: വീടുകളില്‍ നിന്നും നീക്കിയ അജൈവ മാലിന്യങ്ങള്‍ക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനം. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സി സുശീലയും, പി വി ഭവാനിയുമാണ്  അഭിമാനമായത്. 

പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്‍റെ ഫോൺ വിളി എത്തിയപ്പോഴാണ് മാലിന്യമാകെ അറിച്ച് പെറുക്കി ഇവര്‍ പരിശോധിച്ചതും പണം കണ്ടെത്തിയതും. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക കൈമാറി. കൂലിവേലക്കാരനായ രാജീവന്‍ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായിരുന്നു ഇത്.

അതേസമയം, മാലിന്യത്തിൽ നിന്ന് കിട്ടിയ. തങ്കത്തിലുള്ള മാലയും മൂന്ന് ജോഡി കമ്മലും പിന്നൊരു വെള്ളി മോതിരവും. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃക കാട്ടി മലപ്പുറത്തെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായ വാർത്തയും ഇന്നെത്തി. പുൽപ്പറ്റ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും വെള്ളി മോതിരവും ലഭിച്ചത്. 

20 ദിവസം മുമ്പ് പുൽപ്പറ്റ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നും ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ ലഭിച്ചത്. മാലിന്യം തരം തിരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങൾ മൂന്ന് പവനോളം തൂക്കം വരുന്ന  ആഭരണങ്ങൾ കണ്ടെത്തിയത്. ഉടനെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു.  വൈകാതെ തന്നെ ഉടമയായ അനൂഷയെ കണ്ടെത്തുകയും ആഭരണം കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണഭരണങ്ങൾ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അനൂഷ. 

ഹരിത കർമ്മസേനയുടെ സത്യസന്ധതയെ അനൂഷ  അഭിനന്ദിക്കുകയും സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്‌റീന മോൾ അധ്യക്ഷത  വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷൌക്കത്ത് വളച്ചട്ടിയിൽ, വാർഡ് മെമ്പർ പി പി  ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറി എ അരിഫുദ്ധീൻ’, അസിസ്റ്റന്റ് സെക്രട്ടറി പി പ്രദോഷ് സംബന്ധിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button