CrimeKeralaNews

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി:കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്.

തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി.

പെരിങ്ങാലയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു. പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിലെ പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഈ ഫോൺ കണ്ടെടുത്തു.

നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ്.ഐ എം.പി.എബി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ.അബ്ദുൾ മനാഫ്, സിവിൽ പോലീസ് ഓഫീസർ ടി.എ.അഫ്സൽ, ഏ.ഒ.പ്രമോദ്, ഹോംഗാർഡ് യാക്കോബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട നാല് പേരുടെ ജാമ്യം കൂടി റദ്ദാക്കി. വെങ്ങോല വില്ലേജ് ഓഫീസിനു സമീപം ബ്ലായിൽ വീട്ടിൽ നിഖിൽ രാജു (തമ്പി 31), അയ്യമ്പുഴ കുറ്റിപ്പാറ കോടിക്കാട്ട് വീട്ടിൽ അജീഷ് (35), എടത്തല ചൂണ്ടി ചങ്ങനംകുഴി വീട്ടിൽ മണികണ്ഠൻ (24), കടുങ്ങല്ലൂർ മുപ്പത്തടം മണപ്പുറത്ത് വീട്ടിൽ അർജ്ജുൻ കെ ദാസ് (27) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്‍റെ ഭാഗമായാണ് നടപടി. നാല് പേരും വിവിധ പോലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടവരാണ്. സ്ത്രീകൾക്കെതിരെയുളള അതിക്രമം., വീട് കയറി ആക്രമണം, കൊലപാതക ശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് നിഖിൽ രാജു. കൊലപാതക ശ്രമം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നിവയടക്കമുള്ള കേസുകളിലെ പ്രതിയാണ് അജീഷ്. മണികണ്ഠൻ കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകളിലും, അർജ്ജുൻ കെ ദാസ് തട്ടിക്കൊണ്ട്പോകൽ, മയക്കുമരുന്ന് കടത്ത്, കൊലപാതകശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകളിലും പ്രതികളാണ്.

ജില്ല പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, പൊതുജനസമാധാന ലംഘനം നടത്തുകയും, നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. നിലവില്‍ പതിമൂന്ന് പേരുടെ ജാമ്യം റദ്ദാക്കുകയും അറുപത്തിനാല്‌ പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button