കോട്ടയം: കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജിനെതിരെ മോന്‍സ് ജോസഫ് രംഗത്ത്. സ്റ്റീഫന്‍ ജോര്‍ജ് ജനപിന്തുണ ഇല്ലാത്ത ആളാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
മുമ്പ് തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ കടുത്ത മത്സരം ഉണ്ടാകില്ല. വന്‍ ഭൂരിപക്ഷം ഇക്കുറിയും ലഭിക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
2010ല്‍ ജോസഫ്-മാണി ലയനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നയാളാണ് സ്റ്റീഫന്‍. കടുത്തുരുത്തിയില്‍ മാണിയുടെ പ്രതിനിധി താനാണ്. കടുത്തുരുത്തിയില്‍ ജോസ് പക്ഷത്തിനാണ് ശക്തി എന്നത് പൊള്ളയായ വാദമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജോസഫ് കൊവിഡ് ബാധിതനായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മോൻസ് ജോസഫാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് പ്രതിഷേധത്തിൽ ഉലഞ്ഞ് നിൽക്കുന്ന തൃക്കരിപ്പൂരടക്കം 10 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും.
ജോസഫ് വിഭാഗത്തിനുള്ളിൽ തർക്കം നിലനിന്നിരുന്ന ഏറ്റുമാനൂർ, തിരുവല്ല, ചങ്ങനാശ്ശേരി സീറ്റുകളിൽ നേതൃത്വം സമവായത്തിൽ എത്തിയെന്നാണ് വിവരം. ഫ്രാൻസിൻസ് ജോർജ് ഇടുക്കിയിലും, ഷിബു തെക്കുപ്പുറം കോതമംഗലത്തും, പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരും സ്ഥാനാർത്ഥിയായേക്കും.