ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട് ഖമനേനിയുടെ പിൻഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
മൊജ്താബ ഖമനേയിക്ക് പകരം അടുത്ത പരമോന്നത നേതാവാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ്. ഇറാനിൽ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയത് മൊജ്താബ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഖമനേയിയ്ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഘൊലാം ഹൊസൈൻ മൊഹ്‌സെനി എന്നിവരടങ്ങിയ ഇടക്കാല സമിതിയാണ് ഇറാന്റെ ഭരണകാര്യങ്ങളെ നിയന്ത്രിക്കുന്നത്. ഖമനേയിക്ക് പകരം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്ത് ചുമതല കൈമാറുന്നത് വരെ ആയത്തൊള്ള അലിറെസ അറാഫി ഇടക്കാല നേതാവായി തുടരും.
36 വർഷം രാജ്യം ഭരിച്ച ഖമനേയി, ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടു. ഖമനേയിയുടെ ഭാര്യ മൻസൂറെഹ് ഖോജസ്ത ബാഗർസാദേയും ആക്രമണത്തിലേറ്റ പരിക്കിനെ തുടർന്ന് പിന്നീട് മരിച്ചു.
ഖമനേയിയുടെ ഭൗതികശരീരം വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്കരിക്കുമെന്നും ടെഹ്‌റാനിൽ ബൃഹത്തായ അന്തിമോപചാര ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, സംസ്കാര ചടങ്ങിൻ്റെ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം, ആണവ ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്നാണ് ആരംഭിച്ചത്. ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു എന്നാരോപിച്ചാണ് ആക്രമണം. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നിരവധി ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും യുഎസും ആക്രമണം നടത്തി. റിപ്പോർട്ടുകൾ പ്രകാരം 700-ൽ അധികം ആളുകൾ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
സംയുക്ത ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ഇതിൽ പലതും ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ പതിച്ചു. ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തതോടെ പശ്ചിമേഷ്യയിലെ സംഘർഷം വർധിച്ചു. ഗൾഫിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങളിലും യുഎസ് എംബസികളിലും ഡ്രോണുകളും മിസൈലുകളും പതിച്ചു. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ള യുദ്ധത്തിൽ പ്രവേശിച്ചതോടെ ഇസ്രയേൽ ലെബനാനിലേക്ക് സൈന്യത്തെ അയച്ചു.
യുദ്ധം നാലാം ദിവസത്തിലേക്ക് കടന്ന ചൊവ്വാഴ്ച, ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണത്തിൽ തീപ്പിടിത്തമുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഡ്രോൺ ആക്രമണം സ്ഥിരീകരിക്കുകയും എല്ലാ ജീവനക്കാരും “സുരക്ഷിതരാണെന്നും” അറിയിക്കുകയും ചെയ്തു.
Mojtaba Hosseini Khamenei, the son of the late Ayatollah Ali Khamenei, has been reportedly elected as the new Supreme Leader of Iran. According to reports from Israeli media and other international sources, Iran’s Assembly of Experts convened in an emergency session to appoint him as the successor. Mojtaba, who has long held significant influence behind the scenes and within the IRGC, takes leadership at a time of intense regional conflict following the assassination of his father and mother in joint US-Israel strikes.

