മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; ‘വൃഷഭ’ ഒരുങ്ങുന്നു

കൊച്ചി:മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം അടുത്ത ആഴ്ച തുടങ്ങുമെന്ന് റിപ്പോർട്ട്. ലണ്ടനാണ് ആദ്യ ലൊക്കേഷൻ. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് നിർമ്മിക്കപ്പെടുന്നത്.

പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യഷ് രാജ് ഫിലിംസിന്റെ മുംബൈയിലെ ഓഫീസിൽ ഏക്തയുമായുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു. ‘ബാഹുബലി’യുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്റെ സാന്നിധ്യം സഹായകമായതു പോലെയാകും വൃഷഭയിൽ ഏക്ത കപൂറിന്റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍.

ചിത്രം ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നും അച്ഛനും മകനുമിടയിലുള്ള ബന്ധം പശ്ചാത്തലമാകുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആണ് വൃഷഭ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

200 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News