KeralaNews

‘ഇ ശ്രീധരന്‍ ധീരനായ രാഷ്ട്ര ശില്‍പി’; വിജയാശംസ നേര്‍ന്ന് മോഹന്‍ലാല്‍ (വീഡിയോ)

പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ. ശ്രീധരന് വിജയാശംസ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് മോഹന്‍ലാല്‍ ഇ. ശ്രീധരന് വിജയാശംസ നേര്‍ന്നത്. പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പാലക്കാട് വോട്ടുപിടിക്കാന്‍ ഈ വീഡിയോ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നടനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.ബി. ഗണേഷ് കുമാറിനും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിനും വേണ്ടി നേരത്തെ വീഡിയോ പുറത്തിറക്കിയിരുന്നു.

ഇ. ശ്രീധരനുവേണ്ടിയുള്ള വിഡിയോയിലെ മോഹന്‍ലാലിന്റെ വാക്കുകളുടെ പൂര്‍ണരൂപം:

‘ഓരോ ഭാരതീയരും അഭിമാനിക്കാന്‍ ഇവിടെ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ. ശ്രീധരന്‍ സര്‍. കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീഷണശാലി.

ഡല്‍ഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശില്‍പി. ഏല്‍പ്പിച്ച ജോലി സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കി ബാക്ക വന്ന തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാന്‍ ശ്രീ. ഇ. ശ്രീധരന്‍ സര്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരന്‍ സാറിന് എന്റെ എല്ലാവിധ വിജയ ആശംസകളും’

അതേസമയം നടനും പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന് വോട്ട് തേടി നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിന്നു. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

”മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്.

ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.”എന്നും മോഹന്‍ലാല്‍ പറഞ്ഞു.

https://www.facebook.com/TheMetromanS/videos/1649289221928629

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button