മരക്കാര്‍’ സിനിമയുടെ തിയറ്റര്‍ റിലീസിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് മോഹന്‍ലാല്‍. ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിന് നല്‍കിയിരുന്നില്ലെന്നും തിയറ്റര്‍ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിയറ്റര്‍ റിലീസിനു ശേഷം ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയിരുന്ന ചിത്രത്തിന്‍റെ റിലീസിന് ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 2 ന് ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ മരക്കാര്‍ എത്തും. ട്രെയ്‍ലര്‍, ടീസര്‍, പാട്ടുകള്‍, പോസ്റ്ററുകള്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാത്തുകാത്തിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് അറുനൂറിലധികം ഫാന്‍സ് ഷോകള്‍ ആണുള്ളത്. പ്രധാന കേന്ദ്രങ്ങളിലൊക്കെ ഡിസംബര്‍ 2 അര്‍ധരാത്രി മുതല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിക്കും.
പ്രിയദര്‍ശന്‍റെയും മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് കൂടിയാണ് ഇത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രവുമാണ് മരക്കാര്‍. കൊവിഡ് എത്തുന്നതിന് മുന്‍പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒന്നര വര്‍ഷത്തിലേറെ നീണ്ടുപോയി. രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സമയത്ത് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നാലെ തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.