കൊച്ചി: മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഫെയ്സ്ബുക്കിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബറോടെയാണ് പുതിയ ചിത്രം ആരംഭിക്കുകയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനുമെല്ലാം പേര് നേരത്തേ തീരുമാനിച്ച് തുടങ്ങിയ ചിത്രങ്ങളാണ്. ഇക്കൂട്ടത്തിലേക്കാണ് ഹൃദയപൂർവവും എത്തുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
“അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ“ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്.
പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു. സത്യൻ അന്തിക്കാട് എഴുതി.
നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഹൃദയപൂർവത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന സോനു ടി.പി. ‘സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്.
2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രമെത്തുന്നത്. 2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച ‘മകൾ’ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.