ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് സുചിത്ര പറഞ്ഞപ്പോള്‍ വല്ലാതെ വേദനിച്ചു: തുറന്ന് പറഞ്ഞ് മോഹൻലാൽ
കൊച്ചി:ജീവിതത്തില്‍ തന്നെ വേദനിപ്പിച്ച ഒരു സംഭവത്തെപ്പറ്റി മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാല്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഭാര്യ സുചിത്രയുമായുള്ള ആ സംഭവത്തെക്കുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോഴാണ് അദ്ദേഹം പങ്കുവച്ചത്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:
ഏപ്രില്‍ 28 ആണ് എന്റെ വെഡിങ്. ആ ദിവസം ഞാന്‍ മറന്നു പോയി. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര. എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു.
ഞാന്‍ എന്റെ കയ്യില്‍ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു പ്രസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ്’ എന്നായിരുന്നു അതില്‍,’
എനിക്ക് അത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ എന്ന് എനിക്ക് അന്ന് തോന്നി. വളരെയധികം സങ്കടമായി. കാരണം ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അത് വേദനിപ്പിച്ചു. വലിയ കാര്യങ്ങളേക്കാളും പലപ്പോഴും പ്രസക്തമാകുന്നത് ഇത്തരം ചെറിയ കാര്യങ്ങളായിരിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു