EntertainmentKeralaNews

‘അന്ന് ഹിസ് ഹൈനസ് അബ്‍ദുള്ള, ഇന്ന് ഹൃദയം’; കാസറ്റ് പുറത്തിറക്കി മോഹന്‍ലാല്‍

കൊച്ചി:പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിന്‍റെ (Hridayam) ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ച് മോഹന്‍ലാല്‍. വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ വിപണിയിലേക്ക് ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ കാസറ്റിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്.

ഓഡിയോ സിനിമയുടെ പ്രകാശനം നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം മോഹന്‍ലാലിന് നല്‍കിയും നിര്‍വ്വഹിച്ചു. പ്രണവം ആര്‍ട്‍സിന്‍റെ ബാനറില്‍ താന്‍ മുന്‍പ് നിര്‍മ്മിച്ചിരുന്ന സംഗീത പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഓര്‍മ്മകളിലൂടെ സംഭാഷണത്തിനിടെ മോഹന്‍ലാല്‍ സഞ്ചരിച്ചു. ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്.

“തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്‍ത സിനിമയായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചിലവായ സിനിമയുമായിരുന്നു. അതിനു ശേഷം ഞങ്ങള്‍ ചെയ്‍ത ഒരുപാട് സിനിമകള്‍, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി.

അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നല്‍കുന്നു. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് എനിക്കിത്. ഇതിന്‍റെ പിന്നിലുള്ളവരെല്ലാം എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്‍റെ മകന്‍ അഭിനയിക്കുന്നു എന്നതിലുപരി എന്‍റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിര്‍മ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു”, മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.

 

വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ്, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. 21നാണ് ചിത്രത്തിന്‍റെ റിലീസ്.

https://youtu.be/mNLJsbiM2Sk
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button