ചെന്നൈ:മോഹൻലാലുമായുള്ള സിനിമാ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് രജനികാന്ത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് താരം മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. മഹനടനാണ് എന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത് പറഞ്ഞു. ചടങ്ങിൽ മോഹൻലാൽ സന്നിഹിതനായിരുന്നില്ല.
എന്തൊരു മനുഷ്യനാണ് മോഹൻലാൽ, മഹാ നടനാണ് അദ്ദേഹം. എന്നെ അത്ഭുതപ്പെടുത്തി രജനി വേദിയിൽ പറഞ്ഞു. തന്നെ നേരിട്ട് വിളിച്ചാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ പറഞ്ഞതെന്ന് സംവിധായകൻ നെൽസൺ ദിലീപ്കുമാറും പറഞ്ഞു. കഥ എങ്ങനെ എന്നതല്ല, രജനി സാറിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. അതിനാല്‍ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ലാല്‍ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം,’ നെൽസൺ കൂട്ടിച്ചേർത്തു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസിനെത്തുന്നത്. ഇതിന് മുന്നോടിയായാണ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്. ആരവങ്ങളോടെയും കരഘോഷങ്ങളോടെയുമാണ് രജനികാന്തിനെ സദസ് വരവേറ്റത്. നടന്റെ വേദിയിലേക്ക് വരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജനി ആരാധകർ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് ജയിലർ.
സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രം തിയേറ്റർ റിലീസിനെത്തുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷം. 48 വർഷത്തെ കരിയറിൽ തമിഴ് പ്രേക്ഷകർ ഇതുപോലെ ആഘോഷിച്ച മറ്റൊരു താരവും ഉണ്ടായിട്ടില്ല. എന്നാൽ ‘സൂപ്പർസ്റ്റാർ’ പദവി തനിക്ക് എന്നുമൊരു ഭാരമായിരുന്നുവെന്ന് പറയുകയാണ് രജനികാന്ത്.
രജനി നായകനാകുന്ന നെൽസൺ ദിലീപ് കുമാർ ചിത്രം ‘ജയിലർ’ ആഗസ്റ്റ് പത്തിനാണ് റിലീസിനെത്തുന്നത്. വെള്ളിയാഴ്ച നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിൽ പാട്ടുകൾ എഴുതിയ സൂപ്പർ സുബുവിനോട് ‘ഹക്കും’ എന്ന ലിറിക്കൽ വീഡിയോയിലെ സൂപ്പർസ്റ്റാർ രജനികാന്ത് എന്ന പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി നടൻ പറഞ്ഞു. തനിക്ക് ‘സൂപ്പർസ്റ്റാർ’ പദവി എന്നുമൊരു ഭാരമായിരുന്നുവെന്നതാണ് ഇതിന് കാരണമായി രജനികാന്ത് പറഞ്ഞത്.
അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ച രജനികാന്തിന് അഭിനയ പ്രാധാന്യമുള്ള സിനിമകളേക്കാൾ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളിൽ അഭിനയിക്കേണ്ടതായി വന്നു. രജനിയുടെ സ്റ്റൈലിനും സംഘട്ടന രംഗങ്ങൾക്കും കൈയ്യടിച്ച തമിഴ് പ്രേക്ഷകർ രജനി അടികൊള്ളുന്ന സീനുകളിൽ അക്രമാസക്തരാകുന്ന കാഴ്ചപോലും തിയേറ്ററുകളിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ വിജയ ചിത്രം ‘ദൃശ്യം’ തമിഴിൽ ‘പാപനാശ’മായപ്പോൾ മോഹൻലാലിന്റെ കഥാപാത്രം രജനികാന്ത് അഭിനയിക്കണമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫിന്റെ ആഗ്രഹം. മോഹൻലാൽ പൊലിസ് സ്റ്റേഷനിൽ തല്ലുകൊള്ളുന്ന സീൻ രജനി ചെയ്താൽ ആരാധകർ സ്വീകരിക്കില്ലെന്ന പേടി അണിയറക്കാർക്കുണ്ടാണ്ടാകുകയും പിന്നീട് കമൽഹാസൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയുമായിരുന്നു. രജനിയെന്ന താരത്തിന് ആരാധകരുടെ മനസ്സിലുള്ള സ്ഥാനം വിളിച്ചുപറയുന്ന ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്.
2021ൽ പുറത്തിറങ്ങിയ ‘അണ്ണാത്തെ’യ്ക്ക് ശേഷം സിനിമകൾ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ഓഡിയോ ലോഞ്ചിൽ താരം മറുപടി പറഞ്ഞു. ‘അണ്ണാത്തെയ്ക്ക് ശേഷം നിരവധി കഥകൾ ഞാൻ കേട്ടിരുന്നു. എന്നാൽ ‘ബാഷ’, ‘അണ്ണാമലൈ’ പോലുള്ളതായിരുന്നു എല്ലാം. ഒരുപാട് തിരക്കഥകൾ കേൾക്കുകയും അതൊന്നും ഇഷ്ടപ്പെടാതെയുമായപ്പോൾ കഥകൾ കേൾക്കുന്നത് തന്നെ ഇടക്കാലത്ത് നിർത്തിയിരുന്നു,’ എന്ന് രജനികാന്ത് പറഞ്ഞു. നെൽസന്റെ മുൻ ചിത്രം ‘ബീസ്റ്റ്’ വിജയ് ആരാധകർക്കിടയിൽ പോലും വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. എന്നിട്ടും ജയിലർ എന്തുകൊണ്ട് അദ്ദേഹം സംവിധാനം ചെയ്യുന്നു എന്ന ചോദ്യത്തിന് ബീസ്റ്റ് സാമ്പത്തിക വിജയമായിരുന്നു എന്നാണ് രജനികാന്ത് മറുപടി നൽകിയത്.