CrimeKeralaNews

ബലാത്സംഗത്തിനുശേഷംകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നു; കല്ലുകൊണ്ട് തലയ്ക്കിടിച്ചു,പുറത്തു വരുന്നത് കൊടുംക്രൂരത

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി നിഗമനം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്ക് അടിച്ചതായും തെളിഞ്ഞു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തിൽ നടക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

അതേസമയം ഈ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. പ്രതിയെ ഉടനെ തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഈ സംഭവത്തിലെ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. 

ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് ഇന്നലെ ഉച്ചയ്ക്കു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ഇന്നു രാവിലെ ആലുവ മാര്‍ക്കറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റം സമ്മതിച്ചതായും മൃതദേഹം ഉപേക്ഷിച്ച സ്ഥലം പ്രതി തന്നെയാണ് വ്യക്തമാക്കിയതെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു. അസ്ഫാക് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നു പ്രതിയായ അസ്ഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളില്‍ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി.

വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു രാത്രി തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker