ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അതേസമയം കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഞങ്ങൾക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാൽ ഒരു തരത്തിലുമുള്ള കലഹവുമില്ല. ഞങ്ങൾക്ക് എല്ലാ സർക്കാരുകളുമായും നല്ല ഏകോപനമുണ്ട്. – വാർത്താ സമ്മേളനത്തിൽ മോഹൻ ഭാഗവത് പറഞ്ഞു.
ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ തർക്കങ്ങളില്ല. ഒത്തുതീർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് കൂടുന്നു. അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അത് ചർച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ആർഎസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


