മുംബയ് : ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി മുഹമ്മദ് ഷമി .ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡ് ഷമി സ്വന്തം പേരിലാക്കി.
ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകർത്തത്. 45 വിക്കറ്റുകളാണ് ഷമി ലോകകപ്പ് മത്സരങ്ങളിൽ നിന്ന് മാത്രമായി ഇന്ത്യക്ക് വേണ്ടി വീഴ്‌ത്തിയത്. 14 മത്സരങ്ങളേ ഷമിക്ക് ഈ നേട്ടത്തിന് വേണ്ടി വന്നൂള്ളൂ. സഹീർഖാന് 44 വിക്കറ്റിന് വേണ്ടി വന്നത് 23 ലോകകപ്പ് മത്സരങ്ങളും ശ്രീനാഥിന് 34 മത്സരങ്ങളുമാണ്.
ശ്രീലങ്കയ്ക്കെതിരെ വെറും അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പിൽ മൂന്നുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഷമി മാറി. കപിൽദേവ്, വെങ്കിടേഷ് പ്രസാദ്, റോബിൻ സിംഗ്, ആശിഷ് നെഹ്റ, .യുവരാജ് സിംഗ് എന്നിവർ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഓരോ തവണ അഞ്ചുവിക്കറ്റ് നേടിയിരുന്നു. ഈ റെക്കോഡ‌് നേരത്തെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഷമി മറികടന്നിരുന്നു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തംമാക്കിയ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ റെക്കാഡിനൊപ്പവും ഷമി എത്തി. ഇരുവരും മൂന്നുതവണ വീതം അഞ്ചുവിക്കറ്റ് നേടിയിട്ടുണ്ട്. നാലോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്നവരിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന് പിന്നിൽ മൂന്നാംസ്ഥാനത്തും ഷമി എത്തി.
22 ഇന്നിംഗ്സുകളിൽ നിന്നായി സ്റ്റാർക്ക് ആറ് തവണ നാലോ അതിൽ കൂടുതലോ വിക്കറ്റുകളെടുത്തു. ഷമി 14 ഇന്നിംഗ്‌സുകളിൽ നിന്ന് ആറു തവണ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടി . മറ്റൊരു ഇന്ത്യൻ ബൗളർക്കും രണ്ട് തവണയിൽ കൂടുതൽ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടാനായിട്ടില്ല.
ഇന്നത്തെ പ്രകടനത്തിന്റെ മികവിൽ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഷമി എട്ടാംസ്ഥാനത്തെത്തി. 39 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെൻ മക്‌ഗ്രാത്താണ് പട്ടികയിൽ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരൻ രണ്ടാമതും ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് 56 വിക്കറ്റുകളുമായി മൂന്നാമതുമാണ്.