KeralaNews

‘രഞ്ജുഷയുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ; അപേക്ഷയുമായി ബീന ആന്റണി

കൊച്ചി:അടുത്തിടെയായി മലയാള സീരിയൽ മേഖലയിൽ തുടരെ തുടരെ മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ആരാധകരും പ്രേക്ഷകരും സീരിയൽ താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ഞെട്ടിയിരിക്കുകയാണ്. അടുത്തിടെയാണ് സീരിയൽ താരം അപർണ ആത്മഹത്യ ചെയ്തത്.

പിന്നാലെ സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതം മൂലം മരിച്ചു. ഈ രണ്ട് മരണ വാർത്തകളുടെയും ഞെട്ടൽ മാറും മുമ്പാണ് കഴിഞ്ഞ ദിവസം സീരിയൽ രഞ്ജുഷ പിറന്നാൾ ദിവസം തന്നെ ആത്മഹത്യ ചെയ്തത്. രഞ്ജുഷയുടെ മരണത്തിന് തൊട്ട് പിന്നാലെ പൂർണ ​ഗർഭിണിയായിരുന്ന സീരിയൽ താരം ഡോ.പ്രിയങ്ക ഹൃദയാഘാതം മൂലം മരിച്ചു.

സീരിയൽ മേഖല തന്നെ അടുത്തിടെ ഉണ്ടായ മരണങ്ങളിൽ മരവിച്ച് നിൽക്കുകയാണ്. എന്നാൽ മുറിവിൽ കുത്തി വീണ്ടും വേദനിപ്പിക്കുന്ന തരത്തിലാണ് പല തമ്പ്നെയിലുകളും ഒരു അടിസ്ഥാനവുമില്ലാതെ ചില യുട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് പറയുകയാണ് നടി ബീന ആന്റണി.

Beena Antony

തന്റെയും രഞ്ജുഷയുടെയും ഫോട്ടോകൾ ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകിയതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ ബീന ആന്റണി. സ്വന്തം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ബീന ആന്റണിയുടെ പ്രതികരണം. തന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേർത്ത് വെച്ച് ചില മോശം തമ്പ് നെയിലുകൾ ഇടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും ബീന ആന്റണി പറയുന്നു.

‘രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാൻ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകൾ കണ്ടശേഷം ഒരു വീഡിയോ തീർച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയൽ ഇൻഡസ്ട്രിയിൽ‌ അടിക്കടി ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവർക്കും അറിയാം.’

‘അപർണയുടെയും രഞ്ജുഷയുടെ മരണം അവർ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യൻ സാറിന്റെ മരണം ഭയങ്കര ഷോക്കിങായിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോൾ പ്രിയങ്ക എട്ട് മാസം ​ഗർഭിണിയായിരുന്നു. അടുത്ത് പരിചയം ഇല്ലെങ്കിൽ കൂടിയും ഒരാളുടെ മരണം എന്നത് എപ്പോഴും വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.

‘എന്നെ ഒക്കെ സംബന്ധിച്ച് ഇത്തരം മരണ വാർത്തകൾ കേട്ടാൽ പെട്ടന്ന് ഡെസ്പ്പാകും. എസ്പിബി സാറിന്റെ മരണ വാർത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തരത്തിൽ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങൾക്കൊപ്പമായിരുന്നു.’

Beena Antony

‘നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകൾ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേർത്ത് വെച്ച് ചില മോശം തമ്പ് നെയിലുകൾ ഇടുന്നത് കാണുമ്പോൾ വിഷമം തോന്നും. രഞ്ജുഷയുടെ ആദ്യത്തെ വിവാ​ഹത്തിൽ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാൻ അവളോട് സംസാരിച്ചിരുന്നു.’

‘അതുകൊണ്ട് തന്നെ അവളുടെ മരണ വാർത്ത കേട്ട് ഞെട്ടി. സീരിയലിൽ അഭിനയിക്കുന്ന മുഴുവൻ ആളുകളുടെയും ഹിസ്റ്ററി നമുക്ക് അറിയാൻ പറ്റില്ല. ലൊക്കേഷനിൽ കാണുമ്പോൾ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളിൽ എന്താണ്… അവരുടെ പ്രശ്നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല.’

‘അതുപോലെ തന്നെ എന്റെ പ്രശ്നങ്ങൾ എന്നോട് വളരെ അടുത്ത് നിൽക്കുന്ന ആത്മമിത്രങ്ങൾക്ക് മാത്രമെ അറിയാൻ സാധിക്കു. രഞ്ജുഷയോട് അടുത്ത് നിൽക്കുന്നവർക്ക് പോലും എന്തിന് അവൾ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേൾക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തർ ഇടുന്ന തമ്പ്നെയിൽ കാണുമ്പോൾ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ.’

‘അവർ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്നങ്ങൾ നമ്മളുമായി ഡിസക്സ് ചെയ്യുമോ? അത് കോമൺ സെൻസ് ഉപയോ​ഗിച്ച് ചിന്തിച്ചൂടെ. രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടു​ഗെതർ… ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത്… ​ഗുരുതര ആരോപണവുമായി ബീന ആന്റണി രം​ഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്നെയിൽ വന്നത്.’

‘ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്നെയിലുകൾ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയൽ അഭിനയം എന്നൊക്കെയാണ് കമന്റുകൾ. എല്ലാം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണെന്നും’, ബീന ആന്റണി വീഡിയോയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker