തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.
2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി. ഇത്രയധികം പങ്കാളിത്തമുള്ള ഒരു പദ്ധതിയുടെ ഔദ്യോഗിക ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നത് ശരിയായ നടപടിയല്ല.
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മാത്രം ഉൾപ്പെടുത്തുന്നെങ്കിൽ മറ്റു പാർട്ടികളുടെ അധ്യക്ഷന്മാരെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
English Summary: Kerala Public Works Department (PWD) Minister P.A. Mohammed Riyas on Wednesday, March 11, 2026, slammed the Union Government for excluding him from the inauguration of key infrastructure projects in Kochi attended by Prime Minister Narendra Modi. Riyas termed the move an “insult to Kerala,” questioning the inclusion of the BJP State President while the state’s PWD Minister was sidelined. He highlighted that the National Highway projects, which were nearly abandoned in 2014, were revived by the LDF government in 2016 through the Chief Minister’s intervention and a historic state contribution of ₹5,600 crore.


