27.8 C
Kottayam
Wednesday, May 29, 2024

‘പീഡനം ഇനിയും സഹിക്കാന്‍ വയ്യ’; മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന്

Must read

കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി മോഫിയ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന്. പീഡനം ഇനിയും സഹിക്കാന്‍ വയ്യെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും സന്ദേശത്തില്‍ മോഫിയ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പില്‍ പരാമര്‍ശമുണ്ട്. മോഫിയയുടെ ഭര്‍ത്താവ് സുഹൈലില്‍ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

ഡോക്ടറില്‍ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിര്‍പ്പ് സുഹൈലിന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ സുഹൈല്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം, മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവരെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഡിസംബര്‍ 2ന് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം പ്രതികളെ കോതമംഗലത്തെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നു. കോതമംഗലത്തെ വീട്ടില്‍ ഗാര്‍ഹിക പീഡനം നടന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. കോതമംഗലത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കണം. വിവാഹ ഫോട്ടോകള്‍ പരിശോധിക്കണം. ഈ സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മൂവരെയും കോതമംഗലത്തെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week