കൊച്ചി:ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ (Mofiya Parween) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് (Mofiya Suicide). ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും പൊലീസ് വ്യക്തമാക്കി. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇന്ന് രാവിലെ നെല്ലിക്കുഴി യിലെ ഇവരുടെ വീട്ടിൽ ആലുവ ഡിവൈഎസ്പി എത്തു൦. സംഭവം വിവാദമായതോടെ സുഹൈലു൦ കുടുംബവും ഇന്നലെ രാവിലെ തന്നെ വീട് വിട്ട് പോയെന്നാണ് അറിയുന്നത്.
പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസ൦ഘ൦ ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുട൪ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയു൦ ആവശ്യപ്പെട്ടിരുന്നു. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രിധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തത്.
ഒടുവിൽ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെൺകുട്ടിയേയും അച്ചനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചിട്ടുണ്ട്.
ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ
‘എന്‍റെ അവസാനത്തെ ആഗ്രഹം’
സങ്കടം നിറഞ്ഞ വരികളാണ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിയിരിക്കുന്നത്.
”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.
അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”