KeralaNews

‘മകളുടെ ആത്മഹത്യയ്ക്ക് സി.ഐയും കാരണക്കാരന്‍, പ്രതി ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും’; കുറ്റപത്രത്തിനെതിരെ മോഫിയയുടെ അച്ഛന്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛന്‍ ദില്‍ഷാദ് രംഗത്ത്. ആലുവ സി.ഐ സി.എല്‍ സുധീറിനെ കേസില്‍ നിന്ന് പോലീസ് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാന്‍ ആകില്ല. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സി.ഐയും കാരണക്കാരന്‍ ആണ്. സി.ഐയെ പ്രതിച്ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛന്‍ പറഞ്ഞു.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് രണ്ടും മൂന്നും പ്രതികള്‍.സുഹൈലിന്റെ വീട്ടില്‍ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ കേസില്‍ ഒന്നര മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഗാര്‍ഹിക പീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മോഫിയക്ക് നേരിടേണ്ടി വന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇതുണ്ടാക്കിയ കടുത്ത മാനസിക സംഘര്‍ഷമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. മോഫിയയെ സുഹൈല്‍ പലതവണ പീഡിപ്പിച്ചുവെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പണം ചോദിച്ച് പല തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അടക്കം കുടുംബം ഒന്നടങ്കം ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് വഴിയൊരുക്കി. മോഫിയയെ ഏകദേശം മൂന്ന് മാസത്തോളം ഭര്‍ത്താവിന്റെ കോതംമഗലത്തുള്ള വീട്ടില്‍ വെച്ച് സ്ത്രീധനത്തിന്റെ പേരില്‍ അടിമപ്പണി ചെയ്യിച്ചു. പല തവണ ഭര്‍ത്താവ് മോഫിയയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.പരാതി നല്‍കിയിട്ടും വിഷയത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കുറ്റപത്രത്തില്‍ ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button