അഹമ്മദാബാദ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തിരവള്‍ സോണല്‍ മോദിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. ബി.ജെ.പി ഗുജറാത്ത് ഘടകം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. മോദിയുടെ സഹോദരന് പ്രഹ്ളാദ് മോദിയുടെ മകളാണ് സോണല്‍.
തിരഞ്ഞടുപ്പില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ മത്സരിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് ബിജെപി കഴിഞ്ഞ ദിവസം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. നിയമം സോണക്കും ബാധകമാണെന്നാണ് ഈ വിഷയത്തില്‍ ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ സി.ആര്. പട്ടീലിന്റെ പ്രതികരണം.
എന്നാല്‍ അതേസമയം മോദിയുടെ അനന്തിരവള്‍ എന്നനിലയിലല്ല ഒരു സാധാരണ ബിജെപി പ്രവര്‍ത്തക എന്ന നിലയിലാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലേക്ക് താന്‍ സീറ്റ് ആവശ്യപ്പെടുന്നതെന്ന് സോണല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞടുപ്പില്‍ സീറ്റു ലഭിച്ചില്ലെങ്കിലും താന്‍ ബിജെപിയുടെ സജീവ പ്രവര്ത്തകയായിത്തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഗുജറാത്തിലെ ന്യായവിലഷോപ്പ് അസോസിയേഷന് പ്രസിഡന്റാണ് പ്രഹ്ളാദ് മോദി. ഈ സംഭവത്തെ സ്വജനപക്ഷപാതമായി കാണേണ്ടതില്ലെന്നും തങ്ങളുടെ കുടുംബം മോദിയുടെ പേര് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ആയതിനുശേഷം ഒരിക്കല്‍പോലും മോദിയെ ഭവനത്തില്‍ പോയി താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രഹിളാദ് മോദി പറഞ്ഞു.
അറുപത് വയസ് കഴിഞ്ഞവര്‍ക്കും മൂന്ന് തവണ കൗണ്സിലറായവര്ക്കും സീറ്റ് നല്‍കേണ്ടതില്ലായെന്നാണ് ബിജെപിയുടെ പുതിയ നിര്‍ദേശം. ഫെബ്രുവരി 21 നാണ് ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്പ്പറേഷനിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുന്നത്. 231 താലൂക്കുകളിലേക്കും 81 മുന്‍സിപ്പാലിറ്റികളിലേക്കും 31 ജില്ലാപഞ്ചായത്തുകളിലേക്കുമുളള തിരഞ്ഞടുപ്പ് ഫെബ്രുവരി 28 ന് നടക്കും.