തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ സർവീസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാണ്. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു.
സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ
- തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് രാവിലെ എട്ട് മുതൽ 11 വരെ സർവീസുകൾ ഉണ്ടാകില്ല. ഇവിടെ ഷോപ്പിങ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും. തമ്പാനൂരിൽ നിന്നുളള ബസുകൾ വികാസ് ഭവനിൽ നിന്ന് പുറപ്പെടും.
- രാവിലെ ഏഴുമണിമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‌ക്വയർ, ആർ.ബി.ഐ., ബേക്കറി ജങ്ഷൻ, പനവിള, മോഡൽ സ്‌കൂൾ ജങ്ഷൻ, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, ബേക്കറി ജങ്ഷൻ, വാൻറോസ്, ജേക്കബ്‌സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലുമാണ് നിയന്ത്രണം. റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.
- സെൻട്രൽ റെയിൽവെ സ്റ്റേഷന്‍റെ ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാകും.
- ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കേണ്ട ചില എക്സ്പ്രസ് ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ
1.ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്.
2.എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്.
3.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്.
4.ചെന്നൈ-തിരുവനന്തപുരം മെയിൽ.
5.മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
6. മലബാർ എക്സ്പ്രസ് വൈകീട്ട് 6.45ന് യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്നാണ്.
7. ചെന്നൈ മെയിൽ വൈകിട്ട് 3.03ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.
8.നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും.