കവരത്തി: ലക്ഷദ്വീപിൽ കടലിനടിയിലെ അത്ഭുത കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിരാവിലെ കടൽത്തീരത്ത് കൂടിയുള്ള നടത്തം ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് അദ്ദേഹം എക്‌സിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം ലക്ഷദ്വീപിൽ എത്തിയത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മോദി ചിത്രങ്ങൾ പങ്കുവച്ചത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കാൻ ലക്ഷദ്വീപിന്റെ ശാന്തത സഹായിച്ചുവെന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് യാത്രയ്‌ക്കിടെ അദ്ദേഹം നടത്തിയ വിവിധ പ്രവർത്തനങ്ങളെ കുറിച്ചും എടുത്ത് പറഞ്ഞിട്ടുണ്ട്. സ്നോർക്കിലിംഗ് നടത്തിയത് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചുവെന്നും അദ്ദേഹം കുറിച്ചു. കടലിനടിയിലെ വ്യത്യസ്തങ്ങളായ കാഴ്ചകൾ ആവേശം പകരുന്നതായിരുന്നു. രസകരമായ അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളത്തിനടിയിൽ എടുത്ത ചിത്രങ്ങളും സ്‌നോർക്കലിങ്ങിന് പോയപ്പോൾ കണ്ട പാറക്കൂട്ടങ്ങളും കടൽജീവികളുടെയും ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ജനങ്ങളുമായി മോദി സംസാരിച്ചു. അവരുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം പഠനത്തിന്റെയും വളർച്ചയുടെയും സമ്പന്നമായ യാത്രയായിരുന്നു എന്നും വിശേഷിപ്പിച്ചു.
പ്രാദേശിക സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ അവിടുത്തെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ, വേഗത്തിലുള്ള ഇന്റർനെറ്റ്, കുടിവെള്ളം എന്നിവ ഒരുക്കുമെന്നും അവർക്ക് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.