News

108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ഗുജറാത്തിലെ മൊര്‍ബിയിലാണ് 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത്. ഹനുമാന്‍ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോര്‍ത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഹനുമാന്‍ ചാര്‍ധാം പദ്ധതിയുടെ ഭാഗമായി നാല് വമ്പന്‍ പ്രതിമകളാണ് രാജ്യത്ത് സ്ഥാപിക്കുന്നത്. അതില്‍ രണ്ടാമത്തേതാണ് ഗുജറാത്തിലെ മൊര്‍ബിയില്‍ അനാച്ഛാദനം ചെയ്തത്. ആദ്യത്തേത് ഷിംലയില്‍ ആയിരുന്നു. ബാക്കി രണ്ട് പ്രതിമകള്‍ തമിഴ്നാട്ടിലെ രാമേശ്വരത്തും പശ്ചിമ ബംഗാളിലും സ്ഥാപിക്കും. ഗുജറാത്ത് നിലനിര്‍ത്താന്‍ ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുകയാണ്.

ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മതസാമുദായിക വോട്ടുകള്‍ക്ക് ഉപരിയായി വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button