താരങ്ങള്‍ക്ക് പകരം മേക്കിങിന് പണം ചിലവഴിക്കണം; കെ.ജി.എഫ് 2 ബോളിവുഡിന് മേലുള്ള അണുബോംബെന്ന് രാം ഗോപാല്‍ വര്‍മ
ആവേശം അണപൊട്ടിയൊഴുകുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2ന് തീയറ്ററുകളില്‍. ടീസറിലും ട്രെയിലറിലും പുലര്‍ത്തിയ അമിതാവേശവും പ്രതീക്ഷയും ഇരട്ടിയാക്കിയാണ് ചിത്രം മുന്നോട്ടുകുതിക്കുന്നത്. അഞ്ചുഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 134.5 കോടിയാണ്. 54 കോടി രൂപയുടെ കളക്ഷന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടി.
റോക്കി ഭായിയെ ഹൃദയത്തിലേറ്റെടുത്ത് ആറാടുന്ന ആരാധകര്‍ക്ക് മറ്റൊരു ആവേശം കൂടി നല്‍കുന്നതാണ് ചിത്രത്തെ കുറിച്ചുള്ള സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ വാക്കുകള്‍.
‘താരങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലം മുടക്കുന്നതിന് പകരം മേക്കിങിനായി പണം ചിലവഴിച്ചാല്‍ മികച്ച നിലവാരവും മികച്ച ഹിറ്റുകളും വരും എന്നതിന്റെ വ്യക്തമായ തെളിവാണ് കെജിഎഫ് 2 ന്റെ മോണ്‍സ്റ്റര്‍ വിജയം. കെജിഎഫ് 2 ഒരു ഗ്യാങ്സ്റ്റര്‍ മൂവി മാത്രമല്ല, ബോളിവുഡിനെയാകെ പേടിപ്പെടുത്തുന്ന ഹൊറര്‍ ചിത്രം കൂടിയാണ്. കെജിഎഫിന്റെ വിജയം വരും വര്‍ഷങ്ങളില്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ പേടിസ്വപ്നമായിരിക്കുമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
‘റോക്കി ഭായ് മുംബൈയിലെത്തി മെഷീന്‍ ഗണ്ണുമായി വില്ലന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യാഷ് വെടിയുതിര്‍ത്തിരിക്കുകയാണ്. കെജിഎഫ് 2 ബോളിവുഡിന് നേരെ ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയാണെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
അതിനിടെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടുമെന്ന സൂചന നല്‍കി റോക്കി ഭായിയുടെ മൂന്നാം വരവിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ കെജിഎഫ് 3യുടെ ചില ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷകളുടെ കൊടുമുടിയേറിയായിരുന്നു റോക്കിയുടെ രണ്ടാം വരവ് നല്‍കുന്ന ആവേശം തുടങ്ങിയിട്ടേയുള്ളു എന്ന് കൂടി ഓര്‍ക്കണം. മൂന്നാം ഭാഗത്തിന്റെ വാര്‍ത്തകള്‍ കൂടി എത്തിയതോടെ ആരാധക ആവേശം അണപൊട്ടുകയാണ്.