24 C
Kottayam
Wednesday, May 15, 2024

കൊച്ചി രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുമെന്ന് മോദി; ‘മെയ്ഡ് ഇൻ കേരള’ ലോകശ്രദ്ധയിലെന്ന് പിണറായി

Must read

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ 4,000 കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

പത്ത് വര്‍ഷം മുന്‍പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. എന്നാല്‍, ഇന്ന് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങള്‍. ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ന് ഇന്ത്യ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി മാറുമ്പോള്‍, നമ്മള്‍ നമ്മുടെ കടല്‍ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് രാജ്യത്തിന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് (എന്‍ഡിഡി) ലഭിച്ചു. ഇതുകൂടാതെ കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു. ഈ പുതിയ ഫീച്ചറുകളോടെ കപ്പല്‍ശാലയുടെ ശേഷി പലമടങ്ങ് വര്‍ദ്ധിച്ചു. ഈ സൗകര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു’, മോദി പറഞ്ഞു.

‘ആസാദി കാ അമൃത് കാലില്‍’ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതികള്‍ ഉദ്ഘാടനംചെയ്യാന്‍ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളം നന്ദിയര്‍പ്പിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതികളടക്കമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വികസനത്തില്‍ കേരളം നല്‍കുന്ന മികച്ച പിന്തുണയുടെ ദൃഷ്ടാന്തംകൂടിയാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മെയ്ക്ക് ഇന്‍ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണംകൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മെയ്ഡ് ഇന്‍ കേരള ഉത്പന്നങ്ങള്‍ ലോകത്താകെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മിഷനിലും മിഷന്‍ ആദിത്യയിലും കേരളത്തില്‍നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പങ്കാളികളായിട്ടുണ്ട്. കേരളത്തിന് അഭിമാനിക്കാന്‍ വകയുള്ളതാണിത്. ഇന്ത്യയുടെ യശ്ശസ്സ് അക്ഷാര്‍ത്ഥത്തില്‍ വാനോളം ഉയര്‍ത്തുന്നതില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അതിന്റെ മികച്ച ഉദാഹരമാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിക്കുന്ന അത്യാധുനിക പ്രകൃതി സൗഹൃദ ബോട്ടുകള്‍. അവയുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും വാട്ടര്‍മെട്രോയും ഷിപ്പ്‌യാര്‍ഡും മാതൃകാപരമായി സഹകരിച്ചു. ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരെ ആവശ്യക്കാര്‍ എത്തുന്നു എന്നത് കേരളത്തിന് അഭിമാനകരമാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week