ജീവിതത്തില്‍ ഇനി ഫോൺ ചാർജ് ചെയ്യണ്ട; 50 വർഷം ലൈഫുള്ള ബാറ്ററി,കണ്ടുപിടിത്തവുമായി ചൈനീസ് കമ്പനി
ബീജിംഗ്:സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള കയ്യില്‍ കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവയുടെ ബാറ്ററി ലൈഫാണ്. നിശ്ചിത പരിധിക്കപ്പുറം ഒരു ഉപകരണത്തിലും ചാര്‍ജ് നില്‍ക്കില്ല. ഉപയോഗരീതി അനുസരിച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രമേ പലതിനും കാണൂ. എന്നാല്‍ അതി നൂതനമായൊരു ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാര്‍ജിങ്ങോ പരിപാലനമോ ഇല്ലാതെ 50 വര്‍ഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സാധിക്കും. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനി നിര്‍മിച്ച ന്യൂക്ലിയര്‍ ബാറ്ററിയാണ് ഇത്.
ന്യൂക്ലിയര്‍ എന്ന് പേരില്‍ ഉണ്ടെങ്കിലും വളരെ ചെറുതാണ് ഈ ബാറ്ററിയെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നാണയത്തേക്കാള്‍ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15 x 15 x 5 മില്ലിമീറ്റര്‍ ആണ് ഇതിന്റെ വലിപ്പം. ആദ്യമായാണ് ഇത്രയും ചെറിയ ആണവോര്‍ജ്ജ സംവിധാനം നിര്‍മിക്കപ്പെടുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകള്‍ നടക്കുന്നുണ്ട്. ഫോണുകളും ഡ്രോണുകളും ഉള്‍പ്പടെ വിവിധ വാണിജ്യ ആവശ്യങ്ങള്‍ക്കായി ബാറ്ററിയുടെ വന്‍തോതിലുള്ള ഉല്പാദനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എയറോസ്‌പേസ്, അത്യാധുനിക സെന്‍സറുകള്‍, ചെറു ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍, എഐ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ ദീര്‍ഘകാലത്തേക്കുള്ള ഊര്‍ജ്ജവിതരണം ഉറപ്പുനല്‍കാന്‍ തങ്ങളുടെ ആണവോര്‍ജ്ജ ബാറ്ററികള്‍ക്ക് സാധിക്കുമെന്ന് ബീറ്റാവോള്‍ട്ട് പറയുന്നു.
ന്യൂക്ലിയര്‍ ബാറ്ററിക്ക് നിലവില്‍ 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതി ആണ് ഉല്പാദിപ്പിക്കാനാവുന്നത് എങ്കിലും, 2025 ഓടെ 1 വാട്ട് ഊര്‍ജ്ജം ഉല്പാദിപ്പിക്കാനാണ് ബീറ്റവോള്‍ട്ട് ലക്ഷ്യമിടുന്നത്.ഇത് പുറന്തള്ളുന്ന റേഡിയേഷന്‍ മനുഷ്യശരീരത്തിന് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും പേസ് മേക്കറുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതിന് ബാറ്ററി അനുയോജ്യമാകുമെന്നും ബീറ്റവോള്‍ട്ട് പറയുന്നു.
14ാം പഞ്ചവത്സര പദ്ധതിയുടെ (2021-25) ഭാഗമായി ആണവോര്‍ജ്ജ ബാറ്ററികളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള സജീവമായ ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ട്. തീപ്പിടിത്തം, പൊട്ടിത്തെറി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത വിധമാണ് ഇതിന്റെ രൂപകല്‍പന. -60 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 120 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ബാറ്ററിയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്നും ഈ ബാറ്ററി പരസ്ഥിതി സൗഹാര്‍ദ്ദമാണെന്നും യാതൊരു മലിനീകരണവുമുണ്ടാക്കുകയില്ലെന്നും ബീറ്റാ വോള്‍ട്ട് പറയുന്നു.
ബാറ്ററിയുടെ ആവശ്യ പരിശോധനകള്‍ക്ക് ശേഷം അധികാരികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ ബാറ്ററിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കാനാവൂ.