KeralaNews

മോദി തൃശ്ശൂരില്‍: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. തൃശ്ശൂരില്‍ നടക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ് നരേന്ദ്ര മോദി കേരളത്തിലെത്തിയതെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ബി ജെ പി ഇതോടെ തുടക്കം കുറിക്കുകയാണ്. പരിപാടിയില്‍ രണ്ട് ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്.

പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വരുന്നത്. കുട്ടനെല്ലൂര്‍ ഗവ. കോളേജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന മോദി തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. സ്വരാജ് റൌണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോ മീറ്റർ ദൂരത്തിലാണ് റോഡ് ഷോ സജ്ജീകരിച്ചിരിക്കുന്നത്.

.തൃശ്ശൂരില്‍ ബി ജെ പിയുടെ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പെന്‍ഷന്‍ സമരത്തിലൂടെ ശ്രദ്ധേയായ ഇടുക്കിയിലെ മറിയക്കുട്ടി, നടിയും നര്‍ത്തകിയുമായ ശോഭന, രാജ്യ സഭ എം പി പിടി ഉഷ, ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, മൃഗസംരക്ഷണ പ്രവര്‍ത്തക ശോശാമ്മ ഐപ്പ് തുടങ്ങിയ പ്രമുഖരും മഹിളാ സംഗമത്തിന്റെ ഭാഗമാകും.

തൃശ്ശുരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ചില സംഘടനകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ചില സംഘടനകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിളാ സം​ഗമം പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇത്രയധികം വനിതകള്‍ പങ്കെടുക്കുന്ന ഒരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും കാണാൻ സാധിക്കുക. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമുണ്ടാകില്ല. തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത് സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button