ദില്ലി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ‘ദ റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്’ എന്ന മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. ‘നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോദി എതിര്‍ത്തു. ധനകാര്യ കമ്മീഷന്‍ വിസമ്മതിച്ചതോടെ സര്‍ക്കാരിന് ബജറ്റ് 48 മണിക്കൂര്‍ കൊണ്ട് മാറ്റേണ്ടി വന്നു’-എന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.
സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ക്ഷം രംഗത്തുവന്നു. മോദിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘നീതി ആയോഗ് സിഇഒയുടേത് അസാധാരണ വെളിപ്പെടുത്തലാണ്. ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്’-കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് കുറ്റപ്പെടുത്തി