ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 സീറ്റ് കിട്ടിയത് ആഘോഷമാക്കുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹസം.
100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ആഘോഷിക്കുന്നതെന്നും 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിനെ കുട്ടിയോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
‘ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു, 99 മാര്‍ക്ക് നേടിയ ഒരു പയ്യന്‍ ഉണ്ടായിരുന്നു, അവന്‍ അത് എല്ലാവരേയും കാണിക്കുമായിരുന്നു, 99 എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ അവനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ചോദിച്ചു നിങ്ങള്‍ എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്ന്..? 100-ല്‍ 99 അല്ല, 543-ല്‍ 99 ആണ് കിട്ടിയതെന്ന് ആ ടീച്ചര്‍ക്ക് പറയണമെന്നുണ്ടായിരുന്നു. കുട്ടികളുടെ ബുദ്ധിയല്ലേ. തോല്‍വിയില്‍ നിങ്ങള്‍ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഇപ്പോള്‍ ആ കുട്ടിയോട് ആരാണ് വിശദീകരിക്കുക’, പ്രധാനമന്ത്രി ലോക്‌സഭയില്‍ ചോദിച്ചു.
1984-ലെ തിരഞ്ഞെടുപ്പിന് ശേഷം 10 ലോക്സഭാ തെരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. എന്നാല്‍, ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് 250 കടക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയതെന്നും മോദി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടന്നു. നാലു സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം വന്‍വിജയം നേടി. ഒഡീഷയിലെ ജനങ്ങളും ബിജെപിയെ അനുഗ്രഹിച്ചു. മൂന്നാംതവണയും തങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. താന്‍ നേരത്തെ പറഞ്ഞതുപോലെ മൂന്നിരട്ടി വേഗത്തിലായിരിക്കും പ്രവര്‍ത്തനങ്ങളും, അദ്ദേഹം പറഞ്ഞു.