ന്യൂഡൽഹി: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് അയച്ചു. രാജസ്ഥാന് വേണ്ടി ഒരിക്കൽ പോലും സംസാരിച്ചില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസിനെതിരെ മോദി വിമർശനവും നടത്തി.
400 സീറ്റുകൾ നേടിയ പാർട്ടിക്ക് ഇപ്പോൾ 300 സീറ്റിൽ പോലും മത്സരിക്കാനാകുന്നില്ല. സ്വന്തം പ്രവൃത്തികളാണ് ഈ അവസ്ഥയ്ക്ക് കാരണം. പറക്കും മുൻപേ ചരട് പൊട്ടിയ പട്ടമാണ് ഇന്‍ഡ്യ സഖ്യമെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന് ജാർഖണ്ഡിൽ നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തുന്ന റാലി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കം കുറിക്കൽ കൂടിയാണ്. റാഞ്ചിയിലെ പ്രഭാത് താര മൈതാനത്താണ് റാലി നടക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാക്കളായ ലാലു പ്രസാദ്, തേജസ്വി യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി ഇന്നത്തെ റാലിയില്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നെന്നാണ് വിശദീകരണം. മെയ് 13നാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ്.