പട്‌ന: ഒരു കപ്പ് ചായയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് ഒരു ‘ചായക്കാരൻ’ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കൾക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചതെന്നും റീലുകളും മറ്റും ബിജെപി-എൻഡിഎ സർക്കാരിന്റെ ഫലമാണെന്നും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ റീൽസ് ഉണ്ടാക്കി സംസ്ഥാനത്തെ പലരും നല്ല പണം സമ്പാദിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സമസ്തിപൂരിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഡാറ്റ പരാമർശം ഉണ്ടായത്. ‘ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായയുടെ വിലയിൽ കൂടുതൽ വരില്ലാത്ത ഒരു സംവിധാനം ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ ‘ചായക്കാരൻ’ അത് ഉറപ്പാക്കി.’ മോദി പറഞ്ഞു.
റാലിയിൽ പങ്കെടുത്തവരോട് അവരുടെ സ്മാർട്ട്ഫോണുകളുടെ ഫ്‌ലാഷ്ലൈറ്റുകൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ട മോദി ഓരോ വ്യക്തിയുടെയും കയ്യിൽ വെളിച്ചമുള്ളപ്പോൾ, ആർക്കെങ്കിലും റാന്തൽ (ആർജെഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) വേണോ എന്ന് ചോദിച്ച് ആർജെഡിയെ പരിഹസിക്കുകയും ചെയ്തു. ‘രാജ്യം മുഴുവൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ബിഹാറിന് റാന്തലും അതിന്റെ പങ്കാളികളെയും ആവശ്യമില്ല.’ അദ്ദേഹം പറഞ്ഞു.
സമസ്തിപൂരിലും ബെഗുസരായിയിലും റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് വോട്ട് ചെയ്യാനും സഖ്യത്തിന് റെക്കോർഡ് വിജയം ഉറപ്പാക്കാനും വോട്ടർമാരോട് അഭ്യർത്ഥിച്ചു.
നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. നവംബർ 14-ന് ഫലം പ്രഖ്യാപിക്കും. എൻഡിഎയിൽ, ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കുന്നു. എൽജെപി-ആർ (29), എച്ച്എഎം, ആർഎൽഎം (ആറ് വീതം) എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
‘ഇന്ത്യ’ സഖ്യത്തിൽ, ആർജെഡിക്ക് 143 സീറ്റുകളിലാണ് മത്സരിക്കുന്നത്്. കോൺഗ്രസ് (61), സിപിഐ-എംഎൽ ലിബറേഷൻ (20), വിഐപി (16), സിപിഐ (9), സിപിഐഎം (4) എന്നിവയാണ് മറ്റ് കക്ഷികൾ.


