കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.
കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് അടക്കം എട്ടു പ്രതികളാണുള്ളത്. സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ മോഡലുകളുടെ കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തിലുള്ളത്.
2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് അന്‍സി കബീര്‍ ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്ബില്‍ അപകടത്തില്‍പ്പെട്ടത്. കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മോഡലുകള്‍ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചന്‍ തന്റെ ഓഡി കാറില്‍ അമിത വേഗതയില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമിതമായി മദ്യപിച്ച് വാഹനമോടിച്ച മോഡലുകളുടെ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാനാണ് കേസിലെ ഒന്നാം പ്രതി. ദുരുദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ച സൈജുവിനും റോയിക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി വി ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം കായലില്‍ ഉപേക്ഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് എതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.
അതേ സമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിലിനെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം റോയ് വയലാറ്റിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ സൈജുവിനെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്.