കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് പൊലീസില്‍ നല്ല സ്വാധീനമുണ്ടെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടപ്പിച്ച ഷബീര്‍ എന്നയാളുമായി ജൂലായ് 27ന് നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് സൈജുവിന്റെ പൊലീസിലെ സ്വാധീനം വ്യക്തമാകുന്നത്.
ഡി.ജെ പാര്‍ട്ടിക്ക് പൊലീസ് ഒരു പ്രശ്നമല്ലെന്നും ’പൊലീസ് നമ്മ ആള്, കവലപ്പെട വേണ്ട’യെന്നുമാണ് സൈജുവിന്റെ മറുപടി. കേസിലെ മൂന്നാം പ്രതിയും നമ്ബര്‍ 18 ഹോട്ടല്‍ ഉടമയുമായ റോയി വയലാട്ടും സൈജുവും ഉള്‍പ്പെടുന്ന സംഘത്തിന് ഉന്നത പൊലീസ് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ’നമ്മആള്’ ചാറ്റ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുന്നത്. ഡി.ജെ പാര്‍ട്ടികള്‍ക്ക് സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷബീറിന്റെ വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഇയാള്‍ക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ലഹരിക്ക് അടിമയായ സൈജുവിന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കെമിക്കല്‍ എന്ന പേരിലാണ് സൈജു എം.ഡി.എം.എ അടക്കമുള്ള രാസ ലഹരികള്‍ കൈമാറ്റം ചെയ്യുന്നത്. ഇയാള്‍ ഹാഷിഷ് ഓയിലടക്കം ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ട്.
മൂന്നാറില്‍ നിന്ന് സൈജു സുഹൃത്തിന് കൈമാറിയ ചാറ്റില്‍ ലഹരി ഉപയോഗം വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കെമിക്കല്‍ പൊളിയാണെന്നും ഒരു രക്ഷയുമില്ലെന്നുമാണ് സൈജു സുഹൃത്തിനോട് പറഞ്ഞത്. ഇയാള്‍ ഗോവയില്‍ താമസിച്ചപ്പോള്‍ എടുത്ത വീഡിയോള്‍ പ്രത്യേകം അന്വേഷിക്കും. സൈജുവിന്റെ ലഹരിപ്പാര്‍ട്ടിയില്‍ റോയി വലയലാട്ടും പങ്കെടുത്തിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേരളത്തിലെ മുന്തിയ ഹോട്ടലുകളിലെല്ലാം സൈജു ഡി.ജെ. പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
സൈജു കാട്ടുപോത്തിനെ വേട്ടയാട്ടി കറിവച്ച് കഴിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്. കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ജൂലായില്‍ സൈറ ബാനുവെന്ന യുവതിയുമായി നടത്തിയ ചാറ്റില്‍ നിന്നാണ് പോത്തിനെ വേട്ടയാടി അകത്താക്കിയ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ’’നാച്ചുറല്‍ വനത്തില്‍ വാറ്റിയ ചാരായം. ഒപ്പം പോത്തിനെ വെടിവച്ച് കൊന്ന് കറിവച്ചത്. ഇത് കപ്പകൂട്ടി വാഴയിലയില്‍ കഴിച്ചു. പ്രത്യേക സാഹചര്യത്തില്‍ നാച്ചുറല്‍ സാധനങ്ങള്‍. എന്നാല്‍ മയക്കുമരുന്നിന്റെ കുറുവുണ്ടായിരുന്നു’’ - സൈജു ചാറ്റില്‍ പറയുന്നു.
പോത്തിനെ വേട്ടയാടിയ സംഭവം പൊലീസിന് വനം വകുപ്പിന് കൈമാറും. ഇടുക്കിയില്‍ വച്ചാണ് നായാട്ട് നടത്തിയതെന്നാണ് കരുതുന്നത്. സൈജുവിനെതിരെ വനം വകുപ്പും കേസെടുത്തേക്കും.