KeralaNews

സൈജു തങ്കച്ചന്‍ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍, അബ്ദുൽ റഹ്മാനൊപ്പം ചോദ്യംചെയ്യും

കൊച്ചി:കൊച്ചിയിലെ മോഡലുകളുടെ മരണവുമായി (models death) ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കൂടുതൽ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോഡലുകളെ പിന്തുടർന്ന സൈജുവിന്‍റെ കാർ കസ്റ്റഡിയിൽ എടുക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കസ്റ്റഡിയിൽ ലഭിച്ചതോടെ അപകടസമയത്ത് മോഡലുകളുടെ കാറോടിച്ച അബ്ദുൽ റഹ്മാനെ സൈജുവിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെ ജാമ്യം വേണമെന്ന് ആവശ്യമായി സൈജു കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഡിജെ പാർട്ടി നടന്ന ഹോട്ടലിലും മോഡലുകളുമായി തർക്കം ഉണ്ടായ കുണ്ടന്നൂർ പാലത്തിനടുത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷമാണ് സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കിയത്.

ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പടെ നാലംഗ സംഘം മടങ്ങിയപ്പോള്‍ സൈജുവും കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂര് വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി.

ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി–ദൃശ്യങ്ങളില്‍ കാണാം. പലതവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിനിടെ കണ്ണങ്കാട്ട് പാലത്തിന് താഴെ കായലില്‍ അഞ്ചുദിവസമായി അന്വേഷണ സംഘം ഹാര്‍ഡ് ഡിസ്കിനായി നടത്തിയ തിരച്ചിലില്‍ അവസാനിപ്പിച്ചു.

മരണപ്പെട്ട മോഡലുകള്‍ ഹോട്ടലിലുള്ളപ്പോഴുള്ള ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലേക്കെറിഞ്ഞുവെന്നായിരുന്നു മൊഴി. കോസ്റ്റല്‍ പൊലീസും അഗ്നിശമനസേനയിലെ മുങ്ങല്‍ വിദഗ്ദധരും കോസ്റ്റ് ഗാര്‍ഡും മത്സ്യതൊഴിലാളികളുമൊക്കെ തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് ഇനി തുടരേണ്ടതില്ലെന്ന തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button