ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നയിച്ച രാഷ്ട്രീയ തരംഗത്തിൽ സ്വന്തം കോട്ടയായ കൊളത്തൂരിൽ സ്റ്റാലിൻ വീണു. ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 7,700 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. 2021-ലെ തിരഞ്ഞെടുപ്പിൽ 70,000-ത്തിന് മുകളിൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിലാണ് ഇത്തവണ മുഖ്യമന്ത്രിക്ക് കാലിടറിയത് എന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഡിഎംകെയിലെയും അണ്ണാ ഡിഎംകെയിലെയും പ്രവർത്തന പരിചയമുള്ള വി.എസ്. ബാബു നിലവിൽ ടിവികെ ജോയിന്റ് സെക്രട്ടറിയാണ്. 2006-2011 കാലയളവിൽ പുരസവൽകം എംഎൽഎ ആയിരുന്ന ഇദ്ദേഹം മുൻപ് ഡിഎംകെ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പരാജയം തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്ത്യമാണോ എന്ന ചർച്ചകൾക്ക് ഇതോടെ തുടക്കമായി. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് സൂചനകളും ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 107 സീറ്റുകളിൽ വിജയ്‌യുടെ ടിവികെ ലീഡ് ചെയ്യുകയാണ്. അണ്ണാ ഡിഎംകെ 47 സീറ്റുകളിലും ഡിഎംകെ വെറും 35 സീറ്റുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്. തമിഴ്നാട്ടിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് ജനങ്ങൾ വോട്ട് നൽകിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്റ്റാലിന്റെ പരാജയം വരും ദിവസങ്ങളിൽ ഡിഎംകെയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം.
In a shocking political upset, Tamil Nadu CM M.K. Stalin lost the Kolathur seat to TVK candidate V.S. Babu by 7,700 votes. Vijay’s TVK is currently leading in 107 seats, signaling a major power shift in the state as DMK struggles with just 35 leads. This marks a significant decline for Stalin, who had won the same seat with a massive majority of 70,384 votes in 2021.

