അയോദ്ധ്യക്ഷേത്രപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്നാട്ടിൽ നിരോധിച്ചെന്ന് നിർമല; മറുപടിയുമായി ഡിഎംകെ മന്ത്രി

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്ഥാന പൊലീസ് തടയുകയാണെന്നും അവര്‍ ആരോപിച്ചു. സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോണ്‍ഫറന്‍സില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികരിച്ചു.

”ജനുവരി 22ലെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ ശ്രീരാമനു വേണ്ടി 200-ലധികം ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയന്‍ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്‌മെന്റ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ ശ്രീരാമന്റെ പേരില്‍ പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ അനുവദനീയമല്ല.

സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് പൊലീസ് തടയുന്നു. പന്തലുകള്‍ വലിച്ചുകീറുമെന്ന് അവര്‍ സംഘാടകരെ ഭീഷണിപ്പെടുത്തി. ഈ ഹിന്ദുവിരുദ്ധ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു”- നിര്‍മല സീതാരാമന്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

”തത്സമയ സംപ്രേഷണ നിരോധനത്തെ ന്യായീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ക്രമസമാധാന പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. തീര്‍ത്തും തെറ്റായ ആരോപണങ്ങളാണിത്. അയോധ്യ വിധി വന്ന ദിവസം ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസവും രാജ്യത്തിന്റെ ഒരു ഭാഗത്തും പ്രശ്‌നമുണ്ടായില്ല”- അവര്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍മലയുടെ പ്രസ്താവനയെ തമിഴ്നാട് ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.കെ.ശേഖര്‍ ബാബു അപലപിച്ചു. ”സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോണ്‍ഫറന്‍സില്‍നിന്ന് ശ്രദ്ധ തിരിക്കാനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു.

ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്‌മെന്റ്, ശ്രീരാമന്റെ പേരില്‍ ഭക്തര്‍ക്ക് പൂജ നടത്താനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നിര്‍മല സീതാരാമനെപ്പോലുള്ളവര്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്”- അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News