ചെന്നൈ: സ്വകാര്യ ഇന്‍ഷുറൻസ് കമ്പനിയുടെ ഹിന്ദി വിവാദ സര്‍ക്കുലര്‍ ആയുധമാക്കി ഡിഎംകെ. ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരോട് മാപ്പ് പറയണമെന്നും സ്റ്റാലിന്‍. കമ്പനി സര്‍ക്കുലര്‍ ട്വിറ്ററില്‍ പങ്കുവച്ചാണ് സ്റ്റാലിന്‍റെ വിമര്‍ശനം.
ഹിന്ദി സംസാര ഭാഷയല്ലാത്ത തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നീക്കമാണ് ഇതെന്നു സ്റ്റാലിന്‍ ആരോപിക്കുന്നു. സര്‍ക്കുലര്‍ നീതി രഹിതമാണെന്നും ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്‍റെ ചെയര്‍പേഴ്സണ്‍ സ്ഥാപനത്തിലെ ഹിന്ദി സംസാരിക്കാത്ത ജീവനക്കാരോട് ക്ഷമാപണം നടത്തണമെന്നും സ്റ്റാലിന്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
ടാക്സ് അടക്കുകയും രാജ്യ പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ ചെയ്യുകയും ചെയ്യുന്നവരാണ് തങ്ങള്‍. രാജ്യം വിവിധ സംസ്കാരങ്ങളുടെ സംയോജനമാണ്. തങ്ങളുടെ ഭാഷയ്ക്കും തുല്യ പ്രാതിനിധ്യം വേണം. തമിഴിനെ ഹിന്ദിയുമായി മാറ്റി സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നും സ്റ്റാലിന്‍ വിശദമാക്കി. രാജ്യത്തിന്റെ പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടും സംസാര ഭാഷയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന കാലം മാറിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഏത് ശ്രമത്തേയും തമിഴ്നാട് സര്‍ക്കാരും ഡിഎംകെയും പ്രതിരോധിക്കുമെന്നും സ്റ്റാലിന്‍ വിശദമാക്കുന്നു. കേന്ദ്ര സര്‍ക്കാരിലും, റെയില്‍വേയിലും, പോസ്റ്റല്‍ വകുപ്പിലും, ബാങ്കിലും, പാര്‍ലമെന്‍റിലും ഹിന്ദി അനുഭവിക്കുന്ന അനാവശ്യ സ്പെഷ്യല്‍ സ്റ്റാറ്റസ് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും സ്റ്റാന്‍ വിശദമാക്കി.